വിക്കിപീഡിയ ലൈബ്രറി: സൗജന്യവും, വിശ്വസനീയവുമായ അറിവിന്റെ സ്രോതസ്സുകൾ എളുപ്പത്തിൽ

Translate this post

[എഡിറ്ററുടെ കുറിപ്പ്: ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചത് ജനുവരി 2022-ലാണ്.]

സജീവ വിക്കിപീഡിയ ലേഖകർക്ക് ഇപ്പോൾ ഒരു ക്രോസ്-പബ്ലിഷർ തിരച്ചിൽ പ്ലാറ്റ്‌ഫോമും വിക്കിപീഡിയ ലൈബ്രറിയുടെ പുതിയ ഇന്റർഫേസ് ഡിസൈനും സൗജന്യമായി ഉപയോഗിക്കാം. വിക്കിമീഡിയ പദ്ധതികളിലേക്ക് ഉള്ളടക്കം സംഭാവന ചെയ്യാനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിന് ഗവേഷണ സാമഗ്രികൾ സൗജന്യമായി ലഭ്യമാക്കുന്ന ഒരു പരിപാടിയാണ് ഇത്. ലൈബ്രറി ഉപയോഗിക്കാൻ അർഹത നേടുമ്പോൾ തന്നെ, ലേഖകർക്ക് അതിനെപ്പറ്റിയുള്ള അറിയിപ്പും വിക്കിയിൽ തന്നെ ലഭിക്കുമെന്നുള്ളതാണ് സന്തോഷകരമായ മറ്റൊരു കാര്യം!

നിങ്ങൾ 500-ലധികം എഡിറ്റുകൾ നടത്തിയിട്ടുള്ള ഒരു സജീവ എഡിറ്ററാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് 6 മാസത്തിൽ കൂടുതൽ പഴക്കമുള്ളതാണെങ്കിൽ, നിങ്ങൾക്ക് ഉടൻ തന്നെ ലൈബ്രറി ഉപയോഗിച്ചു തുടങ്ങാം. ഞങ്ങൾ അടുത്തിടെ വരുത്തിയ ചില മെച്ചപ്പെടുത്തലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കുക.

പുതുക്കിയ രൂപകൽപ്പനയോടെയുള്ള വിക്കിപീഡിയ ലൈബ്രറിയുടെ ഹോംപേജ്

ഒൻപത് വർഷങ്ങൾക്ക് മുമ്പ്, വിക്കിപീഡിയ എഡിറ്ററായ Jake Orlowitz, വാർത്താ ലേഖനങ്ങൾ, അക്കാദമിക് ജേണലുകൾ, മറ്റ് വിശ്വസനീയമായ സ്രോതസ്സുകൾ എന്നിവയുടെ ഒരു അഗ്രഗേറ്ററായ ഹൈബീമിനോട്, ഒരു വിക്കിപീഡിയ ലേഖനത്തിനായി ഗവേഷണം നടത്തുന്നതിന് അവരുടെ വെബ്‌സൈറ്റിലേക്കുള്ള ഒരു സൗജന്യ അക്കൗണ്ട് നൽകാൻ കഴിയുമോ എന്ന് ചോദിച്ചു. അവരാകട്ടെ അദ്ദേഹത്തിന് 1,000 അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു, തങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അത് ചെയ്യാൻ കഴിയുന്ന തരത്തിൽ വിക്കിപീഡിയയുടെ എഡിറ്റിംഗ് കമ്മ്യൂണിറ്റിക്കുള്ളിൽ ഈ അക്കൗണ്ടുകൾ വിതരണം ചെയ്യാൻ അദ്ദേഹത്തെ അവർ പ്രോത്സാഹിപ്പിച്ചു.

അന്നുമുതലിങ്ങോട്ട്, ആയിരക്കണക്കിന് വിക്കിപീഡിയ എഡിറ്റർമാർക്ക് സാധാരണ ഗതിയിൽ സൗജന്യമല്ലാത്ത വിവര ഉറവിടങ്ങളിലേക്ക് സൗജന്യമായി പ്രവേശനം നൽകുന്നതിനായി നൂറിലധികം പങ്കാളികൾ കൂടി വിക്കിമീഡിയ ഫൗണ്ടേഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നിലവിൽ വിക്കിപീഡിയ ലൈബ്രറി വിക്കിമീഡിയ ഫൗണ്ടേഷൻ പൂർണ്ണമായും പിന്താങ്ങുന്ന ഒരു പ്രോജക്റ്റായി മാറിക്കഴിഞ്ഞു. ലൈബ്രറി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത തിരച്ചിലും ഉള്ളടക്കങ്ങളിലേക്ക് പ്രവേശനവും നൽകാൻ കഴിവുള്ള ഒരു കേന്ദ്രീകൃത സൈൻ അപ്പ്, വിതരണ സൗകര്യത്തിനായുള്ള പദ്ധതികളും ആവിഷ്കരിച്ചു കഴിഞ്ഞു.

ഈ ആദ്യകാല പദ്ധതികളിൽ ഞങ്ങൾ കൈവരിക്കാൻ ഉദ്ദേശിച്ചിരുന്ന പ്രധാന സാങ്കേതിക നാഴികക്കല്ലുകളൊക്കെ ഒടുവിൽ മറികടന്നതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്!

കേന്ദ്രീകൃത തിരച്ചിൽ

2017-ൽ ലൈബ്രറി കാർഡ് ടൂൾ ഉപയോഗിച്ച് വിക്കിപീഡിയ ലൈബ്രറി സൈൻഅപ്പുകൾ കേന്ദ്രീകരിച്ചപ്പോൾ, ഉപയോക്താക്കളെ ലൈബ്രറിയുടെ എല്ലാ ഉള്ളടക്കങ്ങളും ഒരിടത്തു നിന്ന് ബ്രൗസ് ചെയ്യാനും ഉപയോഗിക്കാനും അനുവദിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. എന്നാൽ ഇതുവരെയും ലൈബ്രറി ഉപയോക്താക്കൾ ഓരോ സ്ഥാപനത്തിന്റെയും ശേഖരങ്ങൾ വെവ്വേറെ തിരയേണ്ടതുണ്ടായിരുന്നു, ഗവേഷണത്തിനുള്ള വിലപ്പെട്ട സമയം പാഴാകാൻ ഇത് കാരണമാകുന്നു. ഇപ്പോൾ, എഡിറ്റർമാർക്ക് EBSCO ഡിസ്കവറി സർവീസ് ഉപയോഗിച്ച് ഒരൊറ്റ തിരയലിൽ തന്നെ വിശാലമായ ഡാറ്റാബേസുകളിൽ നിന്നുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാൻ കഴിയും. നിങ്ങൾ ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ ലൈബ്രറിയുടെ തലക്കെട്ടിൽ തന്നെ തിരച്ചിൽ ബാർ ലഭ്യമാണ്, അതിലൂടെ വൈവിധ്യമാർന്ന ശേഖരങ്ങളിൽ നിന്നുള്ള ഫലങ്ങൾ ലഭ്യമാണ്.

Search results for a keyword search for the term "wikipedia", showing results from academic papers.
“wikipedia” എന്ന പദത്തിനായുള്ള തിരച്ചിൽ ഫലങ്ങളുടെ സ്ക്രീൻഷോട്ട്.

സാധാരണയായി, ലൈബ്രറി പൊതിയിൽ ഉൾപ്പെട്ട പ്രസാധകരുടെ ഉള്ളടക്കമാണ് – യോഗ്യരായ എല്ലാ ഉപയോക്താക്കൾക്കും ഒരുപോലെ ആദ്യമേ ലഭ്യമായ ഉള്ളടക്കം – തിരച്ചിൽ ഫലങ്ങളിൽ ഉണ്ടാവുക. ഇതിൽ കാണുന്ന എല്ലാ ഫലങ്ങളും നിങ്ങൾക്ക്‌ ലഭ്യമാണെന്ന ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ഇവ ബ്രൗസ് ചെയ്യാൻ കഴിയും. ഈ പരിധി ഓഫാക്കുന്നതിനുള്ള ഒരു ഓപ്ഷൻ ചേർക്കുന്നതും ഞങ്ങൾ ആലോചിക്കുന്നുണ്ട്.

ഈ സൗകര്യങ്ങൾ നിങ്ങളുടെ ഗവേഷണ അനുഭവത്തെ കൂടുതൽ ആസ്വാദ്യകരവും സമഗ്രവുമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒപ്പം നിങ്ങൾക്ക് എന്തെങ്കിലും പ്രതികരണങ്ങളോ പരാതികളോ ഉണ്ടെങ്കിൽ തിരച്ചിൽ പ്രോജക്റ്റ് പേജിൽ അവ കേൾക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

ഡിസൈൻ അപ്ഡേറ്റ്

തിരച്ചിൽ സൗകര്യം ഉൾപ്പെടുത്തിയതിനൊപ്പം ലൈബ്രറിയുടെ ഏറ്റവും പ്രധാനപ്പെട്ട ചില ഘടകങ്ങളുടെ ഉപഭോക്‌തൃ അനുഭവവും ഞങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്: ഹോം പേജും മൈ ലൈബ്രറിയും (ഇപ്പോൾ My Collections).

വരും മാസങ്ങളിൽ ലൈബ്രറിയിലേക്ക് നിരവധി പുതിയ ഉപയോക്താക്കൾ വരുന്നതിനാൽ (താഴെയുള്ള അറിയിപ്പ് വിഭാഗം കാണുക!), ഒരു മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം ഉറപ്പാക്കണമെന്ന് ഞങ്ങൾ വിചാരിച്ചു. ഉപയോക്തൃ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ, ലൈബ്രറി ആർക്കുവേണ്ടിയാണെന്നും അത് അവർക്ക് എങ്ങനെ പ്രയോജനപ്പെടുമെന്നും പുതിയ ഉപയോക്താക്കൾക്ക് പലപ്പോഴും ആശയക്കുഴപ്പമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങളുടെ പുതിയ ഹോംപേജ്, ലൈബ്രറി എന്താണെന്നതിനെക്കുറിച്ചുള്ള ചില ചുരുക്ക വിവരങ്ങളും, ലഭ്യമായ ശേഖരങ്ങളുടെ ഒറ്റനോട്ടത്തിലുള്ള ബ്രൗസിംഗിനുള്ള സൗകര്യവും ഉൾക്കൊള്ളുന്ന ലളിതമായ ഒരു ഓൺ‌ബോർഡിംഗ് അനുഭവം ലഭ്യമാക്കുന്നു.

നിങ്ങൾക്ക് ആക്‌സസ് ഉള്ളതും ഇല്ലാത്തതുമായ ശേഖരങ്ങളുടെ പട്ടിക ഞങ്ങൾ ഒരേ ഇന്റർഫേസിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു, നിങ്ങൾക്ക് ഏറ്റവും താൽപ്പര്യമുള്ള ഉള്ളടക്കം കണ്ടെത്താൻ നിങ്ങളെ അനുവദിക്കാനായി ടാഗ്, ഫിൽട്ടറിംഗ് സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലൈബ്രറി പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും ഞങ്ങൾ ലളിതമാക്കിയിട്ടുണ്ട്, ഇതും ഉപയോക്തൃ ഇന്റർഫേസിൽ കൂടുതൽ പരിഷ്കാരങ്ങൾ വരുത്താൻ ഞങ്ങളെ അനുവദിച്ചു. ലൈബ്രറിയുടെ മൊത്തത്തിലുള്ള UX-നെക്കുറിച്ച് നിങ്ങൾക്കുള്ള ഫീഡ്‌ബാക്ക് ഡിസൈൻ പ്രോജക്റ്റ് പേജിൽ നൽകാം.

അവബോധം വർധിപ്പിക്കൽ

ലൈബ്രറിയുടെ നിലവിലുള്ള ഉപയോക്താക്കളിൽ 90 ശതമാനത്തിലധികവും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നാണ്. എന്നാൽ ലൈബ്രറിയിലാകട്ടെ ഒരുപാടു ഭാഷകളിലുള്ള ഉള്ളടക്കമുണ്ട് (ഇത് ഇനിയും വികസിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം). കൂടാതെ ഏത് പ്രോജക്റ്റിലാണ് സജീവ സംഭാവന നൽകുന്നതെന്ന് നോക്കാതെ തന്നെ എല്ലാ സജീവ എഡിറ്റർമാർക്കും ഈ ഉള്ളടക്കമെല്ലാം ഉപയോഗിക്കാനും കഴിയും. ലൈബ്രറി ഉപയോഗത്തിലെ ഈ വിടവ് നികത്താനും ലൈബ്രറി ഉപയോഗിക്കാൻ താൽപ്പര്യമുണ്ടാകാവുന്ന എല്ലാ എഡിറ്റർമാരും ഇതിനെക്കുറിച്ച് ബോധവതികളാണെന്ന് ഉറപ്പാക്കാനും വേണ്ടി യോഗ്യരായ എഡിറ്റർമാർക്കുള്ള ഒരു ഓൺ-വിക്കി നോട്ടിഫിക്കേഷൻ ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

ഓരോ ഉപയോക്താവും ലൈബ്രറി പ്രവേശന യോഗ്യത നേടുമ്പോൾ തന്നെ, അവർക്ക് ഒരു ഒറ്റത്തവണ നോട്ടിഫിക്കേഷൻ അയയ്ക്കുന്നു.

ഒരു എഡിറ്റർ ലൈബ്രറിയുടെ യോഗ്യതാ പരിധിയിലെത്തുമ്പോൾ, അവർ ലൈബ്രറിയിൽ ചേരാൻ യോഗ്യത നേടിയിട്ടുണ്ടെന്ന് അറിയിക്കുന്ന ഒരു എക്കോ നോട്ടിഫിക്കേഷൻ അവർക്ക് ലഭിക്കുന്നു. നേരത്തെ തന്നെ യോഗ്യത നേടിയിട്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ നോട്ടിഫിക്കേഷൻ മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ഒരു ഉപയോക്താവിന് ഈ അറിയിപ്പ് ഒരിക്കൽ മാത്രമേ ലഭിക്കൂ.

വരുന്ന ആഴ്ചകളിൽ ഈ സൗകര്യങ്ങളുടെ നീരണിയിക്കൽ ഘട്ടം ഘട്ടമായി നടക്കുന്നതാണ്, അതുകൊണ്ട് നിങ്ങൾക്ക് ഈ നോട്ടിഫിക്കേഷൻ ഇതുവരെ കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. ഇതിന്റെ വിന്യാസ ഷെഡ്യൂളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ T288070 ലെ Phabricator-ൽ കാണാം.

ഈ മാറ്റങ്ങളൊക്കെ ലൈബ്രറിയെ കൂടുതൽ സ്വാഗതാർഹവും ഉപയോഗപ്രദവുമാക്കുമെന്നും, വിക്കിമീഡിയ കമ്മ്യൂണിറ്റിയിലെ കൂടുതൽ അംഗങ്ങൾക്ക് ഇവ ഉപയോഗിക്കാൻ കഴിയുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ, wikipedialibrary@wikimedia.org എന്ന വിലാസത്തിലോ Meta യിലോ ഞങ്ങളുടെ ടീമിനെ ബന്ധപ്പെടാവുന്നതാണ്.

ലൈബ്രറിയിലേക്ക് ചേർക്കാനുള്ള പുതിയ ശേഖരങ്ങൾ നിങ്ങൾക്കും നിർദ്ദേശിക്കാം. പുതിയ പങ്കാളിത്തങ്ങളിലൂടെ ലഭ്യമായ ഉള്ളടക്കം നിരന്തരം വളർത്തിയെടുക്കുകയാണ് ഞങ്ങൾ. അതിനുള്ള ഞങ്ങളുടെ മുൻഗണനകൾ തീരുമാനിക്കാൻ നിങ്ങളുടെ നിർദ്ദേശങ്ങൾ സഹായിക്കും.

Can you help us translate this article?

In order for this article to reach as many people as possible we would like your help. Can you translate this article to get the message out?